ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി

മുമ്പൈ :ഗര്‍ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ലെങ്കില്‍ ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീയുടേതാണെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് വി.കെ തഹില്‍രമണി, ജസ്റ്റിസ് മൃദുല ഭട്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിവാഹം കഴിഞ്ഞവര്‍ക്ക് മാതമല്ല, പങ്കാളികളുമായി കഴിയുന്നവര്‍ക്കും ഈ ഉത്തരവ് പ്രകാരം ഗര്‍ഭസ്ഥശിശുവിനെ ഒഴിവാക്കാനാവും.

നിലവിലുള്ള ഗര്‍ഭഛിദ്ര നിയമപ്രകാരം 12 ആഴ്ചവരെയുള്ള ഭ്രൂണം മാത്രമേ വൈദ്യസഹായത്തോടെ അലസിപ്പിക്കാന്‍ കഴിയൂ. ഗര്‍ഭസ്ഥശിശുവിന് പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലോ, ഭ്രൂണത്തിന്റെ വളര്‍ച്ച മാതാവിന് അപകടമാവുകയോ ചെയ്താല്‍ 12 മുതല്‍ 20 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭവും ഒഴിവാക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മാതാവിന് മാനസികമായോ ശാരീരികമായോ ഗര്‍ഭം വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്നാണ്. സ്വന്തം ശരീരത്തിന്റെ അവകാശം സ്ത്രീകള്‍ക്കാണ്. അതുപോലെ ഗര്‍ഭധാരണം, മാതൃത്വം എന്നിവയില്‍ സ്വയം തീരുമാനമെടുക്കാനും സ്ത്രീകളെ അനുവദിക്കണം. സ്വന്തം ശരീരത്തോടുള്ള അവകാശമെന്നപോലെ ഗര്‍ഭിണിയായിരിക്കണോ ഗര്‍ഭം ഒഴിവാക്കണോ എന്നുള്ളതും സ്ത്രീയുടെ അവകാശമാണ്.

ഭ്രൂണം സ്ത്രീയുടെ ശരീരത്തിനകത്താണ് വളരുന്നത്. അത് അവരില്‍ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള അവകാശവും അവര്‍ക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജയിലില്‍ കഴിയുന്ന സ്ത്രീയുടെ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്ന് കോടതി സ്വമേധയാ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്.

Top