ന്യൂനപക്ഷ വിവേചനം : ക്രൈസ്തവര്‍ സംസാരിക്കുന്നത്സമുദായങ്ങളോടല്ല, സര്‍ക്കാരിനോടാണ്:ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനത്തിനെതിരെ കേരളത്തിലെ ക്രൈസ്തവ സമൂഹം സംസാരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനോടാണ്, സമുദായ നേതൃത്വങ്ങളോടല്ലെന്നും ഇതിന്റെ പേരില്‍ മതവിദ്വേഷം പ്രചരിപ്പിച്ച് വര്‍ഗ്ഗീയവാദമുയര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമം വിലപ്പോവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍.
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നീതിനിഷേധവും വിവേചനവും അടിച്ചേല്‍പ്പിച്ച് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. രാജ്യത്ത് ഒരിടത്തും നടപ്പിലില്ലാത്ത ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതവും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടില്‍ ഈ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയും തിരുത്താന്‍ തയ്യാറാകാതെ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തിയിട്ട് കാര്യമില്ല. അധികാരത്തിലിരുന്ന് മതേതരത്വവും മതനിരപേക്ഷതയും നിരന്തരം പ്രസംഗിക്കുന്നവര്‍ വര്‍ഗീയ പ്രീണനസമീപനം സ്വീകരിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സമൂഹത്തില്‍ അകല്‍ച്ചയും ഇടര്‍ച്ചയും സൃഷ്ടിക്കുന്നത് ശരിയല്ല. കടക്കെണിയില്‍ മുങ്ങിത്താഴുന്ന സംസ്ഥാനത്തിന്റെ പൊതുഖജനാവിലെ നികുതിപ്പണം ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തിന്റെ മതപ്രചരണത്തിനുവേണ്ടി ചെലവഴിക്കുന്നത് ശരിയാണോയെന്ന് പൊതുസമൂഹം വിലയിരുത്തണം.

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നിയമപരമായി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഇതിനായി ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഔദാര്യവും ദയയും ക്രൈസ്തവര്‍ക്കുവേണ്ട. സര്‍ക്കാര്‍ നിയമപരമായ കടമ നിര്‍വഹിച്ചാല്‍ മാത്രം മതി. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം സംബന്ധിച്ച് ഇതിനോടകം വന്ന ഹൈക്കോടതി വിധികള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് സമീപിച്ചിരിക്കുമ്പോള്‍ മാത്രം ക്രൈസ്തവരുടെ സംരക്ഷകരായി പലരും രംഗത്തുവന്നിരിക്കുന്നത് മുഖവിലയ്‌ക്കെടുക്കുന്നില്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് ക്രൈസ്തവര്‍ തുടര്‍ന്നും ചോദ്യം ചെയ്യും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള മതവിദ്വേഷപ്രചരണങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന് യാതൊരു പങ്കുമില്ല. മതസ്പര്‍ദ്ധ സൃഷ്ടിക്കാനോ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കുവാനോ തയ്യാറല്ലന്നും അതേസമയം ആരുടെയും അടിമകളായി നിസംഗതരായി അധഃപതിക്കാനുമാവില്ലെന്നും  വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
Top