ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയതിന്റെ പ്രതികാരം;യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി പിടിയില്‍.കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍ ആലുവ സ്വദേശിയായ പി.ബി. വിജയകുമാര്‍ (65) കൊല്ലപ്പെട്ട കേസിലാണ് ഡല്‍ഹി പാലം സ്വദേശിനിയായ 26കാരി അറസ്റ്റിലായത്. ഒന്നരവര്‍ഷമായി ജോലി വാഗ്ദാനം ചെയ്ത് വിജയകുമാര്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്ന് യുവതി മൊഴി നല്‍കിയതായി കിഴക്കന്‍ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഋഷിപാല്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയകുമാറിനൊപ്പം മറ്റ് രണ്ട് പേരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.രണ്ടുവര്‍ഷത്തിനിടെ ഏഴോളം തവണ ലൈംഗീകമായി ചൂഷണം ചെയ്തതായിട്ടാണ് യുവതിയുടെ മൊഴി; പ്രതിയെ കുടുക്കാന്‍ സഹായിച്ചത് സിസിടിവി കാമറ ദൃശ്യങ്ങളാണ് യുപി സ്വദേശിയായ ഇരുപത്തിയാറുകാരിയെ കൊല നടന്ന് ദിവസങ്ങള്‍ക്കകം കുടുക്കാന്‍ ഡല്‍ഹി പോലീസിനെ സഹായിച്ചത് സിസിടിവി കാമറ ദൃശ്യങ്ങളാണ്.

ആലുവ ചൊവ്വര കൊണ്ടോട്ടി സ്വദേശിയായ വിജയകുമാറി(65)നെ കഴിഞ്ഞ ബുധനാഴ്ചയാണ് കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ സമാചാര്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ജോലിക്ക് പോയ നികുതി വകുപ്പ് ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധരദേവി അറിയിച്ചതനുസരിച്ച് മകള്‍ ഫഌറ്റിലെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിറ്റേദിവസം പിറന്നാള്‍ ആഘോഷം നടക്കാനിരിക്കെയായായിരുന്നു വിജയകുമാറിന്റെ കൊല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം ദിവസം എല്‍ഇഡി ടിവിയുമായി ഒരു യുവതി നടന്നുപോകുന്നത് അപ്പാര്‍ട്ട്‌മെന്റിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള പോലീസിന്റെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ദൃശ്യത്തിലെ യുവതിയെ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടുകാരെ കാണിച്ചെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ഡല്‍ഹി പോലീസിന്റെ വിദഗ്ധമായ അന്വേഷണമാണ് ഒടുവില്‍ യുപി സ്വദേശിനിയായ യുവതിയില്‍ എത്തിച്ചത്.ജോലിവാഗ്ദാനം ചെയ്ത് കൊല്ലപ്പെട്ട വിജയകുമാറും മറ്റു രണ്ടുപേരും തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പ്രതികാരമായിരുന്നുകൊലപാതകമെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരിയില്‍ വിവാഹിതയായ യുവതിയെ മറ്റൊരു സ്ത്രീയാണ് വിജയകുമാറിനു പരിചയപ്പെടുത്തിയത്. 2014 ഒക്‌ടോബറില്‍ മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടയില്‍ ജോലി ലഭിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് അവര്‍ റിട്ടേര്‍ഡ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ വിജയകുമാറിനെ പരിചയപ്പെടുത്തി കൊടുത്തത്. പ്രദീപ് എന്നാണ് പേരു പറഞ്ഞിരുന്നത്.

രണ്ടുവര്‍ഷത്തിനിടെ ഏഴോളം തവണ തന്നെ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നതായിട്ടാണ് യുവതിയുടെ മൊഴി. വിജയകുമാറിനെ കൂടാതെ സമപ്രായക്കാരായ മറ്റു രണ്ടുപേരും പീഡിപ്പിച്ചതായി യുവതി പറയുന്നു. സംഭവ ദിവസം യുവതിയെ കൊലനടന്ന സമാചാര്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റിലേക്ക് വിജയകുമാര്‍ വിളിച്ചു വരുത്തുകയായിരുന്നു. ആദ്യമായിട്ടാണ് യുവതി ഇവിടെ എത്തുന്നത്. പത്തുമണിയോടെ ഫഌറ്റില്‍ എത്തിയ യുവതിയെ താനുമായുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് വിജയകുമാര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഭീഷണി സഹിക്കാന്‍ കഴിയാതെ വന്നപ്പോയുണ്ടായ രോഷംകൊണ്ട് കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ കുറ്റസമ്മതം. കഴുത്തിലും വയറിലും ആഴത്തിലേറ്റ മുറിവുകളാണ് മരണത്തിന് കാരണമായത്.

രാവിലെ പത്തുമണിയോടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുന്നതും പന്ത്രണ്ടുമണിയോടെ സംശയകരമായ സാഹചര്യത്തില്‍ ടിവിയുമായി യുവതി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മോഷണശ്രമത്തിനിടയിലെ കൊലപാതകമെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് എല്‍ഇഡി ടിവി വിജയകുമാറിന്റെ വീട്ടില്‍ നിന്നും എടുത്തതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് യുവതി പോലീസ് കസ്റ്റഡിയിലാകുന്നത്. ഡല്‍ഹി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഋഷിപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top