വെടിനിർത്തലില്ല; സിപിഐയ്‌ക്കെതിരെ കുരിശുയുദ്ധവുമായി എം.സ്വരാജ് എംഎൽഎ

സ്വന്തം ലേഖകൻ

ഉദയംപേരൂരിലെ പ്രസംഗത്തിനിടെ ”ഒരു സി പി ഐ കാരനെ ഞാനാദ്യമായി നേരിൽ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തൃശൂരിൽ വെച്ചാണെന്ന് ” പറയുകയുണ്ടായി . അതിന് എന്നെ പുലഭ്യം പറയുന്നതെന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ലെന്ന് ജനയുഗത്തിന് മറുപടിയുമായി എം സ്വരാജ്. താൻ പറഞ്ഞത് സ്വന്തം അനുഭവമാണെന്നും സ്വന്തം കാര്യം പറയാൻ മറ്റൊരാളുടെ സമ്മതം ആവശ്യമില്ലെന്നും എം സ്വരാജ് കുറിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സ്വരാജ് ജനയുഗത്തിന് മറുപടി പറഞ്ഞത്.
ചീളു കേസുകൾക്ക് മറുപടിയില്ല’ എന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി പ്രതികരണം. ചീളു കേസായി തോന്നിയെങ്കിൽ പിന്നെന്തിനാണ് തലേന്നാൾ എഴുതിത്തയ്യാറാക്കിയ കള്ള ആരോപണമടങ്ങിയ പ്രസ്താവനയുമായി പത്രമാപ്പീസ് കയറിയിറങ്ങിയതെന്ന് തനിക്ക് ചോദിക്കാമായിരുന്നു. ഇടതുപക്ഷ ഐക്യം തകരരുതല്ലോ എന്നോർത്ത് മൗനം ആചരിക്കുകയായിരുന്നെന്നും പറഞ്ഞു.
സ്വരാജിന്റെ പോസ്റ്റ് ഇങ്ങിനെ പോകുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാൻ പറഞ്ഞതെന്ത് ..? സി പി ഐ കേട്ടതെന്ത്..?
എം.സ്വരാജ്.

സി പി ഐയിലെ ആബാലവൃദ്ധം സഖാക്കൾ എനിക്കെതിരെ അന്തിമയുദ്ധകാഹളം മുഴക്കുന്നതായാണ് വിവിധ വാർത്തകൾ സൂചിപ്പിക്കുന്നത്. ഉദയംപേരൂരിലെ പ്രസംഗത്തിനിടെ ”ഒരു സി പി ഐ കാരനെ ഞാനാദ്യമായി നേരിൽ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തൃശൂരിൽ വെച്ചാണെന്ന് ” പറയുകയുണ്ടായി . അതിന് എന്നെ പുലഭ്യം പറയുന്നതെന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല. ഞാൻ പറഞ്ഞത് എന്റെ അനുഭവമാണ്. അത് പറയാൻ എനിക്കാരുടേയും സമ്മതം ആവശ്യമില്ല. ഞാൻ പഠിച്ച സ്‌കൂളിലോ കോളേജിലോ എ ഐ എസ് എഫ് പ്രവർത്തിച്ചിട്ടില്ല. (അന്നുമില്ല ഇന്നുമില്ല), എന്റെ ഗ്രാമത്തിൽ സി പി ഐയും ഉണ്ടായിരുന്നില്ല.
ഇക്കാര്യത്തിൽ എന്നെ തെറി പറയുന്നവർ ഉദ്ദേശിക്കുന്നതെന്താണ്? എന്റെ അനുഭവം ഞാൻ പറയരുതെന്നാണോ? ഇക്കാര്യം ആർക്കെങ്കിലും മനോവിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ ഞാനിനി ഇത് ആവർത്തിച്ച് പറഞ്ഞ് ആരെയും വിഷമിപ്പിക്കുന്നില്ല. പക്ഷെ എന്റെ അനുഭവം എന്റെ അനുഭവമാണ്. അത് പറയരുതെന്ന് ആക്രോശിക്കാൻ ആർക്കും അവകാശമില്ല. പ്രസ്തുത പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് സി പി ഐ ജില്ലാ സെക്രട്ടറി എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവനയിൽ കളവായ ആരോപണം ഉന്നയിച്ചപ്പോൾ അക്കാര്യം ഞാൻ ഫേസ് ബുക്ക് പേജിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. അതോടെ ഇക്കാര്യത്തിൽ ഇനി കൂടുതൽ പ്രതികരണം വേണ്ടെന്നാണ് ഞാൻ കരുതിയത്.
ഇത്തരം കാര്യങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും സ്‌കോപ്പുള്ളതല്ല. സംഘപരിവാർ അതിക്രമങ്ങൾക്കും നവലിബറൽ നയങ്ങൾക്കുമെല്ലാം എതിരെ യോജിച്ച മുന്നേറ്റം ആവശ്യമായി വരുന്ന സമയത്ത് അതിന് സഹായകരമായ നിലപാട് സ്വീകരിക്കാൻ ഇടതു പക്ഷത്ത് നിൽക്കുന്നവർക്കെല്ലാം ഉത്തരവാദിത്വമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതു കൊണ്ട് തുടർ പ്രകോപനങ്ങളെല്ലാം ഞാൻ അവഗണിക്കുകയായിരുന്നു. സി പി ഐ നേതാക്കൻമാരിൽ നിന്നും തുടർച്ചയായി ആക്ഷേപങ്ങളും വില കുറഞ്ഞ പരാമർശങ്ങളും വന്നു കൊണ്ടിരുന്നു. ഞാൻ അപ്പോഴെല്ലാം മൗനം പാലിച്ചത് പുലഭ്യം പറച്ചിലുകാർക്ക് ഈർജജമായി മാറിയെന്നാണ് തോന്നുന്നത്.</p>
<p>’ ഇത്തരം ചീളു കേസുകൾക്ക് മറുപടിയില്ല’ എന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. ചീളു കേസായി തോന്നിയെങ്കിൽ പിന്നെന്തിനാണ് തലേന്നാൾ എഴുതിത്തയ്യാറാക്കിയ കള്ള ആരോപണമടങ്ങിയ പ്രസ്താവനയുമായി പത്രമാപ്പീസ് കയറിയിറങ്ങിയതെന്ന് എനിക്ക് ചോദിക്കാമായിരുന്നു. പക്ഷെ ഞാൻ മൗനം പാലിച്ചു. ഇടതുപക്ഷ ഐക്യം തകരരുതല്ലോ ..!
ഞാൻ ഒരു ആഫ്രിക്കൻ ജീവിയാണെന്നും എറണാകുളം ജില്ലയുടെ ചരിത്രം പഠിക്കണമെന്നും ആലപ്പുഴയിൽ നിന്നും വന്ന ഒരു യുവ നേതാവ് പ്രസ്താവിച്ചു. തുടർന്ന് ചരിത്രത്തിലാദ്യമായി ആ യുവനേതാവിനെ ചാനലുകൾ കാണിച്ചു .പത്രത്തിൽ പേരും വന്നു. അതിന് ഞാൻ കാരണമായതിൽ സന്തോഷമേയുള്ളൂ. വ്യക്തിപരമായ ആക്ഷേപം ഞാൻ വിടുന്നു. എറണാകുളം ജില്ലയുടെ ചരിത്രം പഠിക്കാൻ പറഞ്ഞതെന്താണെന്ന് മാത്രം മനസിലായില്ല. അതും പോട്ടെ ഏതു ജില്ലയുടെ ചരിത്രവും പഠിക്കുന്നത് നല്ലതാണല്ലോ. അവിടെയും ഞാൻ പ്രതികരിച്ചില്ല . ഇടതുപക്ഷ ഐക്യം തകരരുതല്ലോ …..
മറ്റൊരു മുതിർന്ന യുവ നേതാവ് എന്നെ ”ഈച്ച ‘യെന്ന് വിളിച്ച വാർത്ത പിന്നീട് വായിച്ചു. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലെന്നാണ് ഞാൻ കരുതുന്നത്. .ഈച്ചയും മറ്റ് ഷഡ്പദങ്ങളും പ്രകൃതിയ്ക്ക് നൽകുന്ന വിലപ്പെട്ട സംഭാവനകളെ കുറിച്ച് അറിയാത്തവരുണ്ടോ? ഈച്ചയുൾപ്പെടെയുള്ള ചെറുപ്രാണികളില്ലെങ്കിൽ പരാഗണമുണ്ടോ? തളിരും പൂവും കായുമുണ്ടോ ….. ? വിവരമുള്ളവരൊന്നും ഇത്തരം പ്രയോഗങ്ങൾ നടത്താനിടയില്ല. ഇവിടെയും ഞാൻ പ്രതികരിച്ചില്ല . (ഇടതുപക്ഷ ഐക്യം ….)
ഞാൻ ചീളു കേസാണെന്നും മറുപടി ആവശ്യമില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും ഇത്തരം മറുപടികൾ വന്നു കൊണ്ടേയിരുന്നു. ഒടുവിൽ ജില്ലാ സെക്രട്ടറിക്ക് പറ്റിയ ക്ഷീണം തീർക്കാൻ സ.ബിനോയ് വിശ്വം നേരിട്ടിറങ്ങി. ഉളുപ്പില്ലാത്തവനാണ് ഞാൻ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഞാൻ സി. പി. ഐ.യെ കുറിച്ച് കേൾക്കുന്നത് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണെന്ന് പറഞ്ഞതിനെയാണ് സഖാവ് ബിനോയ് വിശ്വം പരിഹസിച്ചതത്രെ.!. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ഞാൻ എന്താണ് പറഞ്ഞത് സ.ബിനോയ് വിശ്വം എന്താണ് കേട്ടത് ? ജീവിതത്തിലാദ്യമായി ഒരു സി പി ഐ കാരനെ ”നേരിൽ കണ്ട ‘ അനുഭവമാണ് ഞാൻ പറഞ്ഞത്. അത് സി പി ഐ യെ കുറിച്ച് ‘കേട്ടത് ‘ എന്നാക്കി മാറ്റി എന്നെ അക്രമിക്കുന്ന അൽപത്തരത്തെ ഞാനെന്ത് വിളിക്കും ? ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം ലജ്ജ / നാണം എന്നൊക്കെയാണല്ലോ. ഞാൻ പഠിച്ച സ്‌കൂളിലും കോളേജിലും ജീവിച്ച ഗ്രാമത്തിലും സി പി ഐ ഇല്ലാത്തതിന് ഞാനെന്തിനാണ് ലജ്ജിക്കുന്നത്? അതിൽ ആരെങ്കിലും ലജ്ജിക്കേണ്ടതുണ്ടെങ്കിൽ അത് ഞാനല്ല തീർച്ച. അതു കൊണ്ട് അരിശം തീരാതെ എന്റെ ഭാഷ ശരിയെല്ലെന്നും മറ്റും ഭാഷാധ്യാപകന്റെ ആധികാരികതയോടെ മറ്റൊരിടത്തും അദ്ദേഹം പ്രസംഗിച്ചുവത്രെ. എന്നിട്ടും ഞാൻ മൗനം പാലിച്ചു .( ഇടതു പക്ഷ ഐക്യം ).
ഇത്തരം കലാപരിപാടികൾക്കിടെ ഇന്നെന്നെ എല്ലാ ചാനലുകളിൽ നിന്നും പത്രങ്ങളിൽ നിന്നും വിളിക്കുകയുണ്ടായി. ‘ജനയുഗം’ ലേഖനത്തോടുള്ള പ്രതികരണം തേടിയാണ് വിളികൾ. ഞാൻ ആരോടും പ്രതികരിച്ചില്ല. ചിലരെപ്പോലെ ചാനലിലും കടലാസിലും അവസരം കാത്തിരിക്കുന്ന ശീലമില്ലാത്തതിനാൽ പറയാനുള്ളത് ഈ പേജിലൂടെ പറയാമെന്ന് കരുതി.
ജനയുഗത്തിലെ ലേഖനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്ഷര വൈകൃതം എഴുതിയവന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സ്വയം തുറന്നു കാട്ടുന്നുണ്ട്. പലപ്പോഴും എനിക്ക് സംഘ പരിവാരത്തിൽ നിന്നും മറ്റും കേൾക്കേണ്ടി വന്നിട്ടുള്ള പുലഭ്യങ്ങൾ ജനയുഗത്തിലൂടെ ഒരിക്കൽ കൂടി കേട്ടു എന്ന് മാത്രം. കഴുത , ജാരസന്തതി, ചാരസന്തതി, കപ്പലണ്ടി കമ്യൂണിസ്റ്റ്, കമ്യൂണിസ്റ്റ് കഴുത തുടങ്ങിയ ജനയുഗ സാംസ്‌കാരിക നിലവാരത്തിനനുസരിച്ചുള്ള പുലഭ്യങ്ങളാണ് ഉടനീളം കൂട്ടത്തിൽ രണ്ട് തന്തക്കു വിളിയും . ഇത്രയുമായപ്പോൾ എഴുതിയ വിപ്ലവകാരിക്കും എഴുതിച്ച വിപ്ലവകാരികൾക്കും നേരിയ ആശ്വാസം അനുഭവപ്പെട്ടു കാണണം. ഇക്കാര്യം സകല ചാനലുകളിലും വന്നതിനാൽ ജനയുഗം ഇപ്പോഴും ഇറങ്ങുന്നുണ്ടെന്ന് എല്ലാവർക്കും മനസിലായി. കാശ് മുടക്കാതെ പരസ്യം തരപ്പെട്ട സന്തോഷം ചിലർക്കുണ്ടാവുമോ ആവോ ?
ഏറെക്കാലം ചിലർ ആഘോഷിച്ച ‘കാപ്പിറ്റൽ പണിഷ്‌മെന്റ് ‘ വിവാദവും എടുത്തു കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. സംഘ പരിവാരവും കോൺഗ്രസുമാണ് എനിക്കെതിരെ ഈ പ്രചരണം ഇതു വരെ നടത്തിയത്. ഇത്തവണ അവരോടൊപ്പം ജനയുഗവും ചേർന്നു എന്ന് മാത്രം. അത്യുജ്ജ്വലം എന്നല്ലാതെ മറ്റൊന്നും പറയുന്നില്ല . ചേരേണ്ടവർ ചേർന്നു എന്നൊന്നും ഈയവസരത്തിൽ പോലും ഞാൻ പറയുന്നില്ല . ഇത്തരം പ്രചരണത്തെക്കുറിച്ച് ആലുവയിൽ വെച്ച് സ. വി എസ് മാധ്യമങ്ങളോട് പറഞ്ഞത് ‘എതിരാളികളുടെ നെറി കെട്ട കുപ്രചരണം ‘ എന്നായിരുന്നു. സ .വി എസിന്റെ പ്രസ്താവനയോടെ എതിരാളികൾ കറേയൊക്കെ പത്തി മടക്കി. നെറികേട് അലങ്കാരമായി കാണുന്നവർ വേറെയുമുണ്ടെന്ന് ഇപ്പോൾ വ്യക്തമാവുകയും ചെയ്തു.
ഇതാണോ ഉത്തമ വിമർശനവും ഭാഷയും? എന്നെ ഭാഷ പഠിപ്പിക്കാനിറങ്ങിയ സ. ബിനോയ് വിശ്വം ഇതിന് മറുപടി പറയണം. ഈ ഭാഷയിലുള്ള സംവാദം വേണമെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്? എന്നെ പഠിപ്പിക്കാൻ ചാടിയിറങ്ങിയ താങ്കളോട് എനിക്ക് പരിഭവമില്ല . നമുക്കിടയിൽ ഉണ്ടെന്ന് ഞാൻ കരുതുന്ന സൗഹൃദം കൊണ്ടു കൂടി ഞാൻ പറയുന്നു. നിങ്ങളിൽ നിന്നും എന്തെങ്കിലും പഠിക്കേണ്ടതുണ്ടെങ്കിൽ ഒരു വിദ്യാർത്ഥിയുടെ മനസോടെ മുമ്പിൽ ഞാനിരുന്നു തരാം . പക്ഷെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ്, ഇഷ്ടമില്ലാത്തവരെ . ‘ ഉളുപ്പില്ലാത്തവർ ‘ എന്നാക്ഷേപിക്കുന്ന മനസും ഭാഷയും താങ്കൾ മാറ്റിവെക്കണം. ആരോഗ്യ പരമായ സംവാദത്തിന് കെൽപ്പില്ലാതെ ഈച്ച, കഴുത, ആഫ്രിക്കൻ ജീവി എന്നൊക്കെ പുലമ്പുകയും തന്തക്കു വിളിക്കുകയും ചെയ്യുന്ന പാർട്ടിയിലെ ‘ബുദ്ധിജീവികളോട് ‘ അന്തസായി സംവാദം നടത്താനുള്ള ഭാഷ പറഞ്ഞു കൊടുക്കണം എന്നിട്ട് വരൂ എനിക്ക് ക്ലാസെടുക്കാൻ .ഞാൻ കാത്തിരിക്കാം.
ആഴമില്ലാത്തവരിൽ നിന്ന് മുമ്പും ഇത്തരം തെറി വിളികൾ കേട്ടു ശീലമുള്ളതിനാൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ ഒരു പ്രയോഗം എന്നിൽ വലിയ കൗതുകമുയർത്തി . ‘ കപ്പലണ്ടി കമ്യൂണിസ്റ്റ് ‘ അതെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. ഇനി കപ്പലണ്ടി കഴിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമോ മറ്റോ ആണോ? എനിക്കാണെങ്കിൽ അതിഷ്ടവുമാണ്. കപ്പലണ്ടി സംബന്ധിച്ച് വല്ല സി പി ഐ പ്രമേയവും ഉണ്ടോ എന്നെനിക്കറിയില്ല. അക്കാര്യം അറിയാതെ ഞാനെന്തിക്കലും അവിവേകം ചെയ്തു പോയെങ്കിൽ ക്ഷമാപണം നടത്താനൊരുക്കമാണ് എന്നുകൂടി അറിയിക്കട്ടെ.
ഉന്നത നിലവാരത്തിലുള്ള ”ലേഖനങ്ങൾ ‘ ഇനിയും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ തന്തയ്ക്ക് വിളിയും ഈച്ച മുതൽ കഴുത വരെയും മാത്രമേ ആയിട്ടുള്ളൂ. സിപിഐയുടെ ”ആസ്ഥാന പണ്ഡിതന്റെ ‘ നിലവാരം വെച്ചു നോക്കിയാൽ ഇഷ്ട മൃഗങ്ങളായ പട്ടിയും കുരങ്ങും ഇതുവരെ എത്തിയിട്ടില്ല ! . ഉടനേ ആ മൃഗങ്ങളുടേയും മറ്റു മൃഗങ്ങളുടേയും ഊഴം വരുമെന്ന് കരുതാം. അന്തസോടെ സംവാദം നടത്താൻ കെൽപുള്ള ഒരുത്തനും പാർടിയിൽ ഇല്ലാതെ പോയതിന്റെ ദു:ഖം സി പി ഐ യെ സ്‌നേഹിക്കുന്നവർ ഇപ്പോൾ അനുഭവിക്കുന്നുണ്ടാവും. ഉത്തരം മുട്ടുമ്പോ ഇഷ്ടമില്ലാത്തവന്റെ തന്തയ്ക്കു വിളിക്കാനും കഴുതയെന്ന് ആക്ഷേപിക്കാനുമൊക്കെ എളുപ്പമാണ് . പക്ഷെ കൊച്ചു സ്‌കൂൾ കുട്ടികൾ പോലും ഇപ്പോൾ അങ്ങനെയൊന്നും പറയാറില്ലെന്ന് ലേഖനമെഴുത്തുകാർ മനസിലാക്കണം.
അവസാനമായി ഞാനെന്റെ നയം വ്യക്തമാക്കട്ടെ. എക്കാലവും ഇടതുപക്ഷ ഐക്യം നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം. കാലഘട്ടം അതാവശ്യപ്പെടുന്നുണ്ട്. ഉത്തരവാദിത്വമില്ലാത്ത ദുഷ്ട ബുദ്ധികളുടെ തന്തക്കു വിളിയിൽ അതു തകരാൻ പാടില്ല . എന്റെ ഉളുപ്പില്ലായ്മയിൽ ദുഖിക്കുന്ന സ.ബിനോയ് വിശ്വത്തിന് ഞാൻ ഉറപ്പു നൽകുന്നു. ഇനിയും ആയിരം വട്ടം നിങ്ങളുടെ സഖാക്കൾ പത്രത്തിലൂടെയും പത്രസമ്മേളനത്തിലൂടെയും എന്റെ തന്തക്കു വിളിച്ചാലും അതേ നാണയത്തിൽ ഞാൻ തിരിച്ചു വിളിക്കില്ല. ഈച്ച മുതൽ കഴുത വരെ മാത്രമല്ല ഭൂമിയിലെ സകല ജന്തുക്കളുടെയും പേരു പറഞ്ഞ് എന്നെ ആക്ഷേപിച്ചാലും തിരിച്ച് അതേ നാണയത്തിൽ ഞാൻ മറുപടി പറയില്ല. തന്തക്കു വിളിയും തെറിയഭിഷേകവും ഇല്ലാതെ രാഷട്രീയ സംവാദം നടത്താനാണ് എന്റെ പാർട്ടി എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഇനിയെന്ത് പൂരപ്പാട്ട് നടത്തിയാലും മറുപടി പറയാൻ എനിക്കു താൽപര്യമില്ല. ഏകപക്ഷീയമായി തന്തക്കു വിളിച്ച് ജയിച്ചോളൂ. വിളി കേൾക്കാൻ ഞാനോ എന്റെ പിതാവോ വരുന്നില്ല. എന്നാൽ ഏത് അവസരത്തിലും രാഷ്ട്രീയ സംവാദത്തിന് ആരോടും ഞാനൊരുക്കമാണ്. സി.പി.ഐ യുടെ അനുഭാവി മുതൽ ആരുമായും അത്തരമൊരു സംവാദത്തിന് ഞാൻ എപ്പോഴും തയ്യാറായിരിക്കും. സംവാദത്തിന് വരുമ്പോൾ പക്ഷെ ദയവായി പട്ടിയെ വീട്ടിൽ തന്നെ പൂട്ടിയിടണം . മറ്റു ജീവികളെയൊക്കെ കാട്ടിലോ മൃഗശാലയിലോ വിട്ടേക്കണം . തന്തക്കു വിളിയ്ക്കും പൂരപ്പാട്ടിനും താൽക്കാലിക വിരാമമെങ്കിലുമിടണം. അത്രമാത്രം.
എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവാത്ത കാര്യം എന്തുകൊണ്ടാണ് ജനയുഗത്തിലെ പല്ലുകടിയും പൂരപ്പാട്ടുമെന്നതാണ് . തെറികൾക്കിടയിൽ പറയുന്നത് ഞാൻ സി പി ഐ യുടെ കൊടി പീറത്തുണിയാണെന്നു പറഞ്ഞുവെന്നാണ്. അതിനാണത്രെ തെറിയഭിഷേകം. എന്താണ് വസ്തുത.?
ഉദയം പേരൂരിൽ പുതിയ ഒരു ബസ് ഷെൽട്ടറിൽ എസ് എഫ് ഐ കെട്ടിയ കൊടി കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റും സംഘവും നേരിട്ടെത്തി പരസ്യമായി നശിപ്പിക്കുകയുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ പലർക്കും പരിക്കേറ്റു. പോലീസ് കേസുകൾ നിരവധി രജിസ്റ്റർ ചെയ്യപ്പെട്ടു. കോൺഗ്രസ് ഉദയം പേരൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി. ശ്രീ .ഉമ്മൻ ചാണ്ടിയും, ശ്രീ.രമേശ് ചെന്നിത്തലയും, ശ്രീ .വി.എം.സുധീരനും സ്ഥലത്തെത്തി പലതും പറഞ്ഞു. കോൺഗ്രസ് അക്രമത്തിൽ സി പി ഐ (എം) ഓഫീസ് തകർന്നു. സംഘർഷാവസ്ഥയും പോലീസ് കാവലുമൊക്കെയായി നാടു മുഴുവൻ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ ജനയുഗം വിപ്ലവത്തിരക്കിലായതിനാൽ അറിയാതെ പോയതാവാം. ഈ സംഭവങ്ങൾക്ക് ശേഷം രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ് ഉദയംപേരൂരിൽ പാർട്ടി റാലി നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അക്രമത്തെകുറിച്ച് പറഞ്ഞപ്പോഴാണ് കൊടിയുടെ കാര്യം ഞാൻ പരാമർശിച്ചത്. അതെങ്ങനെ സി. പി ഐ ക്കെതിരാവും? അന്നത്തെ പ്രസംഗം പൂർണമായി റെക്കോഡ് ചെയ്യപ്പെട്ടതാണ്. അന്നൊന്നും ആർക്കും തോന്നാത്ത സംശയം ജനയുഗത്തിന് മാത്രമെങ്ങനെ യുണ്ടായി? കോൺഗ്രസ് കൊടിയെപ്പറ്റി പറഞ്ഞാൽ സി പി ഐ ക്ക് നോവുന്നതെങ്ങനെ.
ഈ കാര്യത്തിൽ എന്റെ സംശയം മാറിയത് ഇന്ന് ഉച്ചയ്ക്കാണ് . പ്രസ്തുത അക്ഷര വൈകൃതത്തിന്റെ സൃഷ്ടാവിന്റെ പേര് ഒരു സി പി ഐ കാരനായ സുഹൃത്ത് പറഞ്ഞപ്പോൾ എന്റെ സകല സംശയവും മാറി. സ്വന്തം പേര് പല കാരണങ്ങളാൽ പുറത്ത് പറയാനാവാതെ പെൺപേരിൽ വൈകൃത സൃഷ്ടികർമം നടത്തുന്ന ഈ മഹാവിപ്ലവകാരിയെ പലപ്പോഴും തമ്പാനൂരിലെയും പാളയത്തെയും പാതയോരത്ത് നിന്ന് എ ഐ ടി യു സി സഖാക്കൾ തലച്ചുമടായി എം എൻ സ്മാരകത്തിൽ ഇറക്കി വെക്കാറുള്ളതാണ്. അത്തരം സന്ദർഭത്തിൽ കോൺഗ്രസ് കൊടിയെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അത് സി.പി.ഐ കൊടിയാണെന്ന് കേട്ടേക്കാം.. അപ്പോൾ പൂരപ്പാട്ടല്ലാതെ മറ്റെന്തെഴുതാൻ.

Top