ഫ്രഞ്ച് വീര്യത്തിൽ ഐസ് ലൻഡ് അലിഞ്ഞു; യൂറോയിൽ നിന്നു മടങ്ങുന്നത് പ്രതിരോധത്തിന്റെ പോരാട്ട മാതൃക

സ്‌പോട്‌സ് ഡെസ്‌ക്

ഐസ്‌ലണ്ടിനെ കുറിച്ചു ആദ്യം കേൾക്കുന്നത് 1972ണ്, ഇന്നത്തെ പോലെ നേരിട്ടുകാണുവാനുള്ള സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു ലോക കായികരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രധാന ചർച്ചാ വിഷയമായ ഏറ്റവും സുപ്രധാനമായ ഒരു സ്‌പോർട്‌സ് പോരാട്ടം നടന്നിരുന്നു. റഷ്യക്കാരൻ ബോറിസ് സ്പാസ്‌ക്കിയും അദ്ദേഹത്തെ വെല്ലുവിളിച്ച അമേരിക്കക്കാരൻ ബോബി ഫിഷറും തമ്മിലെ ലോക ചെസ്‌കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം നടന്നത് ഇന്നത്തെ നമ്മുടെ വിസ്മയ ടീം ആയ ഐസ്‌ലണ്ടുകാരുടെ തലസ്ഥാനമായ റിയാക്ക് ജാവിക്കിൽ വച്ചായിരുന്നു. മാസങ്ങളോളം ആ പേര് അന്ന് കളികളെ സ്‌നേഹിച്ചിരുന്നവരുടെ മനസിൽ നില നിന്നിരുന്നു. 44 വർഷങ്ങൾക്കു ശേഷം ആ രാജ്യം വിസ്മയമായി വീണ്ടും നമ്മുടെ മനസുകളിൽ എത്തുന്നത് ഈ യൂറോകപ്പിൽ ഫുട്‌ബോളിന്റെ പിതൃഭൂമിയെ ക്വാർട്ടർ പോലും കാണിക്കാതെ അവർ പുറത്താക്കുന്നത് കണ്ടുകൊണ്ടാൺ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂറോകപ്പിലെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ടു മാത്രമല്ല വൈക്കിങ്ങുകൾ എന്ന പുരാതന കാല സ്‌കാന്റിനേവിയൻ സമുദ്ര യാത്രക്കാരുടെയും കടൽ കൊള്ളക്കാരുടെയും നാട് വിസ്മയ ടീം എന്നു അറിയപ്പെടേണ്ടത്. അവർ എങ്ങിനെ പന്തു കളിക്കുന്നു എന്നു കൂടി മനസിലാക്കിയാലേ ഈ വിസ്മയം പരിധികൾ ഇല്ലാത്തതാണെന്ന് അറിയൂ. നേരെ നടക്കാൻ പാകത്തിലുള്ള ഒരു പ്രതലം അവർക്കില്ല. അഗ്‌നിപർവ്വതങ്ങൾ പൊട്ടിയൊലിച്ച ലാവ അടിഞ്ഞുകൂടിയ പ്രതലങ്ങൾ… അതിൻറെ ചാരമാണവരുടെ മണ്ണ്. പിന്നെ ചുറ്റും കടലും പർവത നിരകളും വെളുത്ത ഹിമ മലകളും, യൂറോപ്പിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഈ ദീപിൽ മൂന്നേകാൽ ലക്ഷം ജനങ്ങളും അവർക്കു കളിക്കുവാൻ വിരലിൽ എണ്ണാവുന്ന ഔട്ട്‌ഡോർ സ്‌റ്റേഡിയങ്ങളും.

പുറത്തുകളിക്കുവാനുള്ള സാഹചര്യമല്ലാത്തതു കൊണ്ടു മുകൾഭാഗം കെട്ടിമറച്ച ഇൻഡോർ കളിക്കളത്തിലാണ് അവരുടെ കുട്ടികൾ കളി പഠിക്കുന്നതും അതിൽ നിന്നു പ്രൊഫഷണൽ കളിക്കാരെ സൃഷ്ടിക്കുന്നതും, ഒടുവിൽ യോഗ്യതാമത്സരങ്ങളിൽ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിൻറെയും തുർക്കിയുടെയും വഴി മുടക്കി ഫ്രാൻസിൽ എത്തി ഇംഗ്ലണ്ടിനേയും മറികടന്നു അവർ അവസാന എട്ടിൽ എത്തിയിരിക്കുന്നതും, മുത്തശ്ശിക്കഥകളിൽ പോലും പറഞ്ഞുകേട്ടിട്ടില്ലാത്ത അതിശയക്കഥകളുമായി അവർ ഇതുവരെ എത്തി നിൽക്കുന്നു. (തുർക്കി പ്‌ളേ ഓഫിലൂടെ ഒടുവിൽ കടന്നു കൂടിയിരുന്നു )
ഇന്നത്തെ അവരുടെ പ്രതിയോഗികളുമായിട്ടവർ ഇതിനു മുൻപ് 11 തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഐസ്ലണ്ടുകാർക്കു വിജയിക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുള്ള ആത്മ വിശ്വാസവുമായി അനായാസം കളി ജയിച്ചു കളയാം എന്നു കരുതിയില്ല ആതിഥേയരായ ഫ്രഞ്ചുകാർ അവരുടെ അണികളെ രംഗത്തു ഇറക്കിയത്. തങ്ങളുടെ രീതിയിൽ തന്നെ കളിക്കുന്ന ഇംഗ്ലീഷ് കാർ ഐസ്ലൻഡിനു മുന്നിൽ വെള്ളം കുടിച്ച കാഴ്ചകൾ മനസിലുള്ള ദീദാർ ഡിഷാമ്ബ് വൈക്കിങ്ങുകളുടെ കടന്നുകയറ്റം തടയുന്നവിധമൊരു പ്രതിരോധവും അവരുടേതുപോലെ ആകസ്മികമായ പ്രത്യാക്രമണ മൊരുക്കുവാൻ തക്ക മധ്യ മുന്നേറ്റ നിരകളെയും സാമുന്നയിപ്പിച്ചുകൊണ്ടു സർവവിധ സാങ്കേതിക മികവുമായി തന്നെ ല ബ്ലൂസിനെ രംഗത്തിറക്കിയിരുന്നു.

രണ്ടു മഞ്ഞക്കാർഡുകൾ കിട്ടി സസ്‌പെൻഷൻ വാങ്ങിയ ആദിൽ റാമിക്കും, എൻ ഗോളാ കാൻടെക്കും പകരം സാമുവൽ ഉമീറ്റിയെയും സാഗ്ഗീനയേയും ഉൾപ്പെടുത്തി 4231 ശൈലിയിൽ സന്തുലിതമായ ആക്രമണ പ്രതിരോധ നിരയൊരുക്കിയാണ് ഇന്ന് ഫ്രഞ്ചുകാർ കളിതുടങ്ങിയത്. മുന്നേറ്റനിരയിൽ ദിമിത്രി പയറ്റ്, ആൻറൺ ഗ്രീസ്മാൻ ,ഒളിവർ ജിറോ സഖ്യം അസാധാരണ ഗതി വേഗവും ആയി ഒത്തിണങ്ങി മുന്നേറിയപ്പോൾ അതിനെ നേരിടാൻ തക്ക പിന്നോക്ക നിര സജീകരിക്കാനുള്ള തന്ത്രമായിരുന്നില്ല ഇന്ന് ഐസ്‌ലൻഡുകാർ സ്വീകരിച്ചത്. അതോടെ ഒന്നാം മിനിറ്റു മുതൽ തിരമാലകൾ പോലെ ഫ്രഞ്ച് മധ്യ ആക്രമണ നിര വൈക്കിങ്ങുകളുടെ പെനാൽറ്റി മേഖല വളഞ്ഞാക്രമിച്ചു. എപ്പോൾ ഫ്രഞ്ച് ഗോൾ പിറക്കുമെന്ന സംശയമേ ആദ്യ നിമിഷങ്ങളിൽ ഉണ്ടായിരുന്നുള്ളു.

ഫ്രഞ്ചുകാരുടെ എല്ലാ മുന്നേറ്റങ്ങളുടെയും സൂത്ര ധാരനായ മൂസാ സിസ്സാക്കോ നൽകിയ പാസുമായി മുന്നേറിയ മാറ്റൂഡിയുടെ ക്രോസ്സ് ഒരുഇടങ്കാൽ അടിയോടെ ജിറു ഐസ്‌ലാൻഡ് വലകടത്തിയപ്പോൾ ഇന്നത്തെ ഗോൾ മഴക്ക് തുടക്കമായി. ഗോൾ കടന്നതോടെ പ്രത്യാക്രമണം തുടങ്ങിയ ഐസ്‌ലാൻഡ് ‘പുത്രന്മാർ ‘ ഫ്രഞ്ച് പ്രതിരോധ നിരയിൽ ആവേശമുയർത്തി. തുടർന്നു ഇരുവശവും പ്രത്യാക്രമണത്തിനാണ് പ്രാധാന്യം നൽകിയത്. ഫ്രഞ്ചുകാരുടെ പുതിയ സഖ്യം പയറ്റ് ഗ്രീസ്മാൻ ജീറു സഖ്യം ഒത്തിണക്കത്തോടെ മുന്നേറിയപ്പോൾ ഐസ്‌ലാൻഡ് പ്രതിരോധനിര ഇന്ന് ആദ്യമായി കെട്ടുറപ്പില്ലാത്തമട്ടിൽ പതറുകയും ചെയ്തു. ഇത്തരം ഒരു ആശയക്കുഴപ്പത്തിൽ പത്തൊൻപതാം മിനിറ്റിൽ ഫ്രഞ്ചുകാർക്ക് ലഭിച്ച കോർണർ ഗ്രീസ്മാൻ എടുത്തത് പെനാൽറ്റി ബോക്‌സിൽ കാത്തു നിന്നിരുന്ന പോൾ പോഗ്ബ ഉയർന്നു ചാടി ഹെഡ് ചെയ്തു ല ബ്ലൂസിന്റെ രണ്ടാം ഗോൾ നേടി.

എന്നിട്ടും പ്രതിരോധത്തിൽ ശ്രദ്ധിക്കാതെ ഐസ്‌ലൻഡുകാർ ടോട്ടൽ ഫുട്‌ബോൾ മാതൃകയിൽ കൗണ്ടർ അറ്റാക്കിനു തുനിഞ്ഞതോടെ ഐസ്‌ലാൻഡ് വലയിൽ തുരു തുരാ ഗോളുകളും വീണു. ഇന്ന് ഫ്രഞ്ച് മുന്നേറ്റ നിരയിൽ ഒത്തിണങ്ങി മുന്നേറിയ ജിറുവും പയറ്റും ഗ്രീസ്മാനും മാറി മാറി ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ 59 മിനിട്ടിനിടയിൽ ഫ്രഞ്ചുകാർ 5 ഗോളുകൾക്ക് മുന്നിലായി, മറ്റേതൊരു ടീമിൻറെയും സമനില തെറ്റിച്ചാക്കാവുന്ന അവസ്ഥയിൽ പോലും പരിഭ്രമിക്കാതെ വീണ്ടും ഒത്തൊരുമയോടെ മുന്നേറിയ ഐസ്‌ലൻഡുകാരെയാണ് പിന്നീട് കണ്ടത്. അതിശക്തമായ ഫ്രഞ്ച് ഡിഫൻസിൽ വിള്ളലുണ്ടാക്കി അവർ ആകസ്മിക മായി ലൊറീയുടെ വലയിൽ പന്തെത്തിക്കുകയും ചെയ്തു. അൻപത്തിആറാം മിനിറ്റിൽ സീഗുറ്റൊർസനും എൺപത്തിനാലാം മിനിറ്റിൽ ബീജോർസനും നേടിയ ഗോളുകൾക്ക് വിജയ ഗോളുകൾക്ക് ഒപ്പമോ അതിലധികമോ വിലയുണ്ടായിരുന്നു. അത്രക്കും വീരോചിതമായ കടന്നു കയറ്റങ്ങൾ ആയിരുന്നു ഇന്നത്തെ അവരുടെ പ്രത്യാക്രമണങ്ങളുടെ ഗതിവേഗവും ചന്തവും.

ഫ്രഞ്ച് കാർക്ക് ഇന്ന് അനായാസം വിജയിക്കുവാൻ കഴിഞ്ഞതിനുള്ള പ്രധാനകാരണങ്ങൾ അവരുടെ മധ്യ നിരയിൽ പോഗ്ബയും മറ്റൊടിയും സിസോക്കോയും യന്ത്ര സമാനമായ കൃത്യതയോടെ പാസുകൾ എത്തിച്ചതും പതിവില്ലാത്തവിധം അവർക്കു ജിറു ഗ്രീസ്മാൻ പയറ്റ് എന്നിവരടങ്ങിയ ഒന്നാതരം ഒരു ആക്രമണനിര ലഭിച്ചതുമായിരുന്നു. ഒപ്പം ഒരു ടോട്ടൽ ഫുട്‌ബോൾ സംവിധാനത്തിൽ പ്രതിരോധം പാടെ അവഗണിച്ചുകൊണ്ട് പ്രത്യാക്രമണത്തിൽ മാത്രം ഐസ്‌ലൻഡുകാർ ശ്രദ്ധിച്ചതും ആയിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ഇന്ന് ഫ്രഞ്ച് തിരയൊഴുക്കിൽ അവരുടെ മഞ്ഞു മല തകർന്നു പോയതും. എന്തായാലും ആദ്യമായി യൂറോകപ്പിനെത്തി വമ്പന്മാരായ ആസ്ട്രിയക്കാരെയും ഇംഗ്ലണ്ടിനെയും വീഴ്ത്തി പോർട്ട്ഗലുമായി സമനിലയും നേടിയ വൈക്കിങ്ങുകൾ ഹൃദയം കൊണ്ടു പന്തുകളിക്കുന്നവരാണെന്നു തെളിയിച്ചുകൊണ്ട് ഒരുപാട് ഫുട്‌ബോൾ ഹൃദയങ്ങളും ഒപ്പം കൂട്ടിയാണ് മടങ്ങുന്നത്.

Top