പ്രയാറിന് വര്‍ഗീയവാദിയുടെ സ്വരം കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം മന്ത്രിയും പ്രസിഡന്റും തുറന്ന പോരിലേക്ക്

തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും തുറന്നപോരിലേക്ക്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റേത് മര്യാദകെട്ട സമീപനമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യോഗത്തില്‍ പ്രയാര്‍ കാണിച്ചത് മര്യാദകെട്ട സമീപനമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രയാറിനോട് രാജി ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അക്കാര്യം അദ്ദേഹം സ്വന്തം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ ഉപവാസം നടത്തിയ പ്രയാറിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും വികാരമല്ല, വിചാരമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വേണ്ടതെന്നും ദര്‍ശനത്തിന് പണം വാങ്ങാമെന്നത് നിര്‍ദേശം മാത്രമായിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മര്യാദകെട്ട സമീപനമായിരുന്നു ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റേത്. ഒരു വര്‍ഗീയവാദിയുടെ സ്വരമാണ് അവലോകനയോഗത്തില്‍ കേട്ടത്. മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുക വഴി മാധ്യമശ്രദ്ധ നേടാനാണ് പ്രയാര്‍ ശ്രമിച്ചത്. സന്നിധാനത്ത് വിഐപി ദര്‍ശനം ഒഴിവാക്കി പകരം പണം വാങ്ങി പാസ് നല്‍കാമെന്ന നിര്‍ദ്ദേശം മാത്രമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദര്‍ശനത്തിനുള്ള തിരക്ക് കുറയ്ക്കാനായി ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കണമെന്നുമുള്ള അഭിപ്രായമാണ് മുഖ്യമന്ത്രി പറഞ്ഞത്. വികാരമല്ല, വിചാരമാണ് ബോര്‍ഡ് പ്രസിഡന്റിനെ നയിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ വലുപ്പം മറന്നാണ് പ്രയാര്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

അദ്ദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും രാജി ആവശ്യപ്പെടില്ല. വേണമെങ്കില്‍ സ്വയം രാജിവച്ചൊഴിയാം. അവലോകന യോഗത്തില്‍ ആത്മസംയമനം പാലിച്ചത് മര്യാദയുടെ പേരിലാണ്. ശബരിമലയില്‍ ഉപവാസം സംഘടിപ്പിച്ചതിലൂടെ അദ്ദേഹം സുപ്രീംകോടതി വിധി ലംഘിച്ചിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ വിഐപി ക്യൂ സംവിധാനം മാറ്റി തിരുപ്പതി മോഡല്‍ പാസ് ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 500 രൂപയുടെയും 1000 രൂപയുടെയും അതിവേഗ, സൂപ്പര്‍ ഫാസ്റ്റ് ട്രാക് പാസ്സുകള്‍ ഏര്‍പ്പെടുത്താം. സന്നിധാനത്തെ തിരക്ക് കുറയ്ക്കുന്നതിനായി എല്ലാദിവസവും ക്ഷേത്രം തുറക്കണമെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ തുടര്‍ന്നു സംസാരിച്ച ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു.നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിലുള്ള വാക്‌പോര് രൂക്ഷമായതോടെ പറഞ്ഞു വിടും മുമ്പ് രാജിവച്ച് പോകാന്‍ തയ്യാറാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Top