സതീശന്‍ പാച്ചേനി’എ’ ഗ്രൂപ്പില്‍ നിന്നു പുറത്തേയ്ക്ക്. കോണ്‍ഗ്രസിലെ വിഎസ് ആകാന്‍ ശ്രമമെന്നും ആരോപണം

തിരുവനനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ സതീശന്‍ പാച്ചേനി’എ ഗ്രൂപ്പില്‍ നിന്നു പുറത്തേയ്ക്ക്. റിപ്പോര്‍ട്ട് തയ്യാറാക്കിയ പാച്ചേനി ഉമ്മന്‍ചാണ്ടിക്കു അനഭിമതനായതോടെയാണ് ഗ്രൂപ്പില്‍ നിന്നു പുറത്തേയ്ക്കുള്ള വഴി തുറന്നിരിക്കുന്നത്.കേരളത്തിലെ കോണ്‍ഗ്രസിനേയും ഭരണത്തേയും അതിഗുരുതരമായ വിനാശത്തിലേക്ക് തള്ളിയിട്ടിരിക്കുന്ന റിപ്പോര്‍ട്ടാണ് കെ.പി.സി.സി സെക്രട്ടറികൂടിയായ പാച്ചേനി തയ്യാറാക്കിയത്.പാച്ചേനിയുടെ റിപ്പോര്‍ട്ടാണ് പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്.വ്യക്തിപരമായി ‘അഴിമതി’വിരുദ്ധനെന്ന പ്രതിച്ഛായ ഉണ്ടാക്കിയെങ്കിലും പാര്‍ട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ട പാച്ചേനി ‘കോണ്‍ഗ്രസിലെ വിഎസ് ആകാന്‍ ശ്രമമെന്നും ആരോപണം ഉണ്ട്.

തിരഞ്ഞെടുപ്പ് അടുത്തു വന്ന അവസരത്തില്‍ അഴിമതി’യെ ഉയര്‍ത്തിക്കാട്ടി സര്‍ക്കരിനെതിരെ പ്രയോഗിക്കാന്‍ നല്ല വടി സി.പി.എമ്മിനിട്ടു കൊടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സര്‍ക്കാരും പ്രതിരോധത്തിലായി.
ഉമ്മന്‍ചാണ്ടിയുടെയും എ.കെ ആന്റണിയുടെയും മാനസപുത്രന്‍ എന്ന പേരിലാണ് സതീശന്‍ പാച്ചേനി എ ഗ്രൂപ്പില്‍ നേതാവായത്. കോണ്‍ഗ്രസിനുള്ളില്‍ ഇരുവരുടെയും അനുഗ്രഹാശിസുകളോടെയാണ് സതീശന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പലസ്ഥാനങ്ങളും കൈവശപ്പെടുത്തി.എ’ ഗ്രൂപ്പിലെ പ്രമുഖനായി മാറിയ പാച്ചേനി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനായാണ് അറിയപ്പെടുന്നത്.pacheny news

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സതീശന്‍ ഉമ്മന്‍ചാണ്ടിയുമായി അകന്നു തുടങ്ങിയത്. കാസര്‍കോട് സീറ്റ് മോഹിച്ച സതീശന്‍ പാച്ചേനി ഇതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ ടി.സിദ്ദിഖ് കാസര്‍കോട് പാര്‍ലമെന്റ് സീറ്റില്‍ എത്തിയത്. ഇതോടെ പാച്ചേനി ഉമ്മന്‍ ചാണ്ടിയുമായി അകലാന്‍ തുടങ്ങി.എന്നാല്‍ ഗ്രൂപ്പിന്റെ ആയുധമായി എതിരാളികളെ നേരിടാന്‍ -പ്രത്യേകിച്ച് കണ്ണൂരില്‍ കെ.സുധാകരനെതിരെ നീക്കങ്ങള്‍ നടത്താന്‍ ഉമ്മന്‍ ചാണ്ടി ഉപയോഗിച്ചതും പാച്ചേനിയെ ആയിരുന്നു.

പാര്‍ലമെന്റ് സീറ്റു ലഭിക്കാതിരുന്ന സതീശന്‍ പാച്ചേനിയെ അവസാനം എഐസിസി സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിച്ചിരുന്നു.എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ പിന്‍തുണ ഉറപ്പാക്കാനാവാതെ പോയതോടെ പാച്ചേനിയുടെ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെട്ടു.ഉമ്മന്‍ചാണ്ടി പിന്‍തുണച്ചത് എം.മുരളി’യെ ആയിരുന്നു.ഉമ്മന്‍ ചാണ്ടി പിന്തുണക്കുക ചെയ്തില്ലാ എന്നു മാത്രമല്ല മുരളിക്കുവേണ്ടി വാദിക്കുകയും ചെയ്തു.ഇതെല്ലാം മനസിലാക്കിയ പാച്ചേനി പതുക്കെ ‘എ ‘ഗ്രൂപ്പില്‍ നിന്നും പുറത്തേക്കുള്ള വഴി തേടുകയായിരുന്നു.അവസാനം കണ്‍സൂമര്‍ ഫെഡ് വിവാദത്തില്‍ ‘അഴിമതി ‘പ്രതിച്ഛായയില്‍ ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാരിനും മധുരമായ തിരിച്ചടിയും കൊടുത്തു.pacheny oc-kc
ഇടഞ്ഞു നിന്ന സതീശന്‍ പാച്ചേനിയെ സമാധാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി ഇടപെട്ട് കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയത്. എന്നാല്‍, കണ്‍സ്യൂമര്‍ ഫെഡില്‍ വിവാദമുണ്ടായതോടെ എ- ഐ ഗ്രൂപ്പുകളെ ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് എ ഗ്രൂപ്പ് നേതാവ് കൂടിയായ സതീശന്‍ പാച്ചേനി നല്‍കിയത്. ഈ റിപ്പോര്‍ട്ടിലൂടെ പ്രതിസന്ധിയിലായത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെയായിരുന്നു. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും എതിര്‍ക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ സതീശന്‍ പാച്ചേനി അഴിമതി വിരുദ്ധനാണെന്ന പ്രതീതി സൃഷ്ടിച്ചെടുക്കുകയായിരുന്നു. അഴിമതി വിരുദ്ധ പ്രതിഛായയുമായി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ വിഎസിനെക്കാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ടാണ് സതീശന്‍ പാച്ചേനി സമര്‍പ്പിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കിയതോടെ പാര്‍ട്ടി പ്രതിസന്ധിയിലായെങ്കിലും തന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ സാധിച്ചെന്നതാണ് സതീശന്‍ പാച്ചേനിയ്ക്കു കണ്‍സ്യൂമര്‍ഫെഡ് അഴിമതി റിപ്പോര്‍ട്ടിലൂടെ ഉണ്ടായ പ്രധാന നേട്ടം.

കെപിസിസി പ്രസിഡന്റ് വി.എം സുധീരനോടു അടുപ്പം കാണിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ സതീശന്‍ പാച്ചേനി രണ്ടു ഗ്രൂപ്പ് നേതാക്കളെയും പ്രതിസന്ധിയിലാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സതീശന്‍ പാച്ചേനി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് തന്നെയാണ് സിപിഎമ്മും കണ്‍സ്യൂമര്‍ഫെഡിലെ പ്രതിഷേധക്കാരും ഇപ്പോള്‍ ആയുധം ആക്കിയിരിക്കുന്നത്. സിബിഐ അന്വേഷണത്തില്‍ പോലും ഇത് നിര്‍ണായക തെളിവാക്കി മാറ്റുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
എ ഗ്രൂപ്പിനെയും ഉമ്മന്‍ചാണ്ടിയെയും വിശ്വസിച്ചു നിന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും തനിക്കു സീറ്റ് ലഭിക്കില്ലെന്നു സതീശന്‍ പാച്ചേനി വിശ്വസിക്കുന്നു. സുധീരനൊപ്പം നിന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലോ, ഇരിക്കൂരിലോ സീറ്റുറപ്പിക്കാന്‍ സാധിക്കുമെന്നാണ് സതീശന്‍ പാച്ചേനി വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ സുധീരനെ തൃപ്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സതീശന്‍ പാച്ചേനി തയ്യാറാക്കിയതും.ഇരിക്കൂറില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനായ കെ.സി.ജോസഫ് ആയതിനാല്‍ എ’ഗ്രൂപിന്റെ സീറ്റ് ആണെങ്കിലും ഉമ്മന്‍ ചാണ്ടി വീണ്ടും കെ.സി.യെ പിന്തുണക്കും എന്നതും സതീശനെ അലോസരപ്പെടുത്തുന്നു.സുധീരന്റെ ഗുഡ് എന്റ്റി കിട്ടി എ.കെ.ആന്റണിയുടെ ഒത്താശയോടെ അടുത്ത തവണ ഇരിക്കൂര്‍ സീറ്റ് കൈവശപ്പെടുത്തുക എന്ന ലക്ഷ്യ്വും പാച്ചേനിക്കുണ്ട്.antony -pacheny

അതേസമയം കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.സംസ്ഥാനത്തിന് പുറത്ത് നടന്ന ഇടപാടുകളിലും അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകള്‍ സിബിഐ അന്വേഷണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ഇതുസംബന്ധമായി ടി.എന്‍ പ്രതാപന്‍ എംഎല്‍എ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സിബിഐക്ക് അന്വേഷണം വിട്ടില്ലെങ്കില്‍ ഹൈക്കോടതി ഇക്കാര്യം കൂടി പരിഗണിക്കാനാണ് സാധ്യത.അന്തര്‍ സംസ്ഥാന ബന്ധമുള്ള ഇടപാടുകളിലും കുറ്റകൃത്യങ്ങളിലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണങ്ങള്‍ക്കാണ് കോടതികള്‍ സാധാരണ ഗതിയില്‍ പ്രഥമ പരിഗണന നല്‍കാറുള്ളത്.

ഇക്കാര്യത്തില്‍ ഇനി സിബിഐയുടെ ഭാഗത്ത് നിന്ന് മറ്റെന്തെങ്കിലും അസൗകര്യം ചൂണ്ടിക്കാണിച്ചാല്‍ മാത്രമെ മറിച്ചൊരു തീരുമാനത്തിന് അല്‍പമെങ്കിലും സാധ്യതയുള്ളു.കശുവണ്ടി കോര്‍പറേഷനിലെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ഫെഡില്‍ സിബിഐ വരുന്നത് ഒഴിവാക്കാന്‍ കൂടിയായിരുന്നു ഭരണ സമിതി കഴിഞ്ഞദിവസം സര്‍ക്കാര്‍ പിരിച്ചുവിട്ടത്.അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അംഗീകരിക്കാന്‍ പറ്റില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടും ഇതിന് പ്രേരകമായി.

ഭരണ സമിതി പിരിച്ചുവിടുന്നതോടൊപ്പം തന്നെ വിജിലന്‍സ് അന്വേഷണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത് സിബിഐ അന്വേഷണത്തിന് തടയിടുക എന്ന ഉദ്യേശത്തിലായിരുന്നു.ഒരന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരന്വേഷണത്തിന് കോടതി ഉത്തരവിടാന്‍ സാധ്യതയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.എന്നാല്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ മൗനാനുവാദത്തോടെ, ടി.എന്‍ പ്രതാപന്‍ എംഎല്‍എ തന്നെ രേഖാമൂലം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത് സര്‍ക്കാരിനെ ഇപ്പോള്‍ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പ്രതാപന്റെ നിലപാടിനെ പിന്‍തുണച്ച് കണ്‍സ്യൂമര്‍ഫെഡ് മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗമായ സതീശന്‍ പാച്ചേനിയും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറും ശക്തമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ഹര്‍ജി ഭാഗം ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാരിനെ ഇപ്പോള്‍ വെട്ടിലാക്കും.

നൂറ് കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ടും സതീശന്‍ പാച്ചേനി നല്‍കിയ റിപ്പോര്‍ട്ടും നിര്‍ണ്ണായകമായിരിക്കയാണ്.സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ അടക്കമുള്ളവര്‍ക്ക് പോലും വിശ്വാസയോഗ്യമല്ലാത്ത വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോവാന്‍ സ്വാഭാവികമായും ഇനി സര്‍ക്കാരിന് കഴിയില്ലെന്ന് തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വിലയിരുത്തുന്നത്.കോടതി ഇടപെട്ട് സിബിഐ അന്വേഷണത്തിന് വിടുന്നതിന് മുന്‍പ് സര്‍ക്കാര്‍ തന്നെ സിബിഐ അന്വേഷണത്തിന് വിട്ട് മുഖം രക്ഷിക്കുകയാണ് ഉചിതമെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരനടക്കമുള്ളവര്‍ക്കുള്ളത്.

എന്തായാലും പാര്‍ട്ടിയില്‍ വലിയ കോളിളക്കം സഷ്ടിച്ച വിവാദ റിപ്പോര്‍ട്ടോടെ സതീശന്‍ പാച്ചേനി പാര്‍ട്ടി നേതാക്കള്‍ക്കിടയിയില്‍ കടുത്ത എതിര്‍പ്പിനെ നേരിടുകയാണ് .പാര്‍ട്ടിയെ കരുവാക്കി കോണ്‍ഗ്രസിനു ഭയങ്കര ഷീണം വരുത്തിയ റിപ്പോര്‍ട്ട് ഉണ്ടാക്കിയതില്‍ സീറ്റ് മോഹമാണ് മുഖ്യമെന്നും ആരോപിക്കുന്നതും എ’ഗ്രൂപ്പ് നേതാക്കളുമാണ്. സുധീരനോപ്പം ചേര്‍ന്ന് ഇരിക്കൂര്‍ സീറ്റ് ഉറപ്പിക്കാനുള്ള കരുക്കള്‍ തുടങ്ങുകയും ചെയ്യുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.അഴിമതിവിരുദ്ധ’പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ കടുത്ത പ്രതിക്ഷേധം സതീശനെതിരെ ഉയരുന്നുണ്ട്.

Top