അയർലൻഡ് ഒന്നാകണമെന്നു ആവശ്യം: ഇതിനായി ഹിതപരിശോധന നടത്തണമെന്നും ഷിൻഫിൻ നേതാവ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഒന്നിച്ചു നിന്നു അയർലൻഡുകൾ ശക്തി തെളിയിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുകയാണെങ്കിൽ (ബ്രെക്‌സിറ്റ്) നോർത്തേൺ അയർലണ്ടിനെ അയർലണ്ടിനോട് ചേർത്ത് ഐക്യ അയർലണ്ട് രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഷിൻ ഫെൻ നേതാവ് ജെറി ആഡംസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്നത്. ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കിൽ അയർലണ്ടുമായി ചേരണോ എന്ന വിഷയത്തിൽ നോർത്തേൺ അയർലണ്ടിൽ ജനഹിതപരിശോധന നടത്തണമെന്നും ആഡംസ് അഭിപ്രായപ്പെട്ടു.
അതേസമയം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ജൂൺ 23ന് നടക്കുന്ന ജനഹിത പരിശോധനയിൽ, ഭൂരിപക്ഷം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണം എന്ന് നിലപാടെടുക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ബ്രിട്ടനു പുറമെ നോർത്തേൺ അയർലണ്ടിലും അയർലണ്ടിലും സാമ്പത്തിക,രാഷ്ട്രീയ അശ്വസ്ഥതകൾ സംജാതമാകാൻ കാരണമാകും.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന ആവശ്യവുമായി ബ്രിട്ടനിൽ രണ്ടു ദിവസത്തെ പ്രചാരണത്തിലാണ് ഐറിഷ് പ്രധാനമന്ത്രി എൻഡ കെന്നി. വ്യാഴാഴ്ച ബ്രിട്ടനിലെത്തിയ കെന്നി ലിവർപൂൾ, മാഞ്ചസ്റ്റർ, ഗ്ലാസ്‌ഗോ എന്നിവിടങ്ങൾ സന്ദർശിച്ച് ഐറിഷ് സമൂഹവുമായി ചർച്ചകൾ നടത്തും. വെള്ളിയാഴ്ച ഗ്ലാസ്‌ഗോയിൽ നടക്കുന്ന ബ്രിട്ടിഷ്‌ഐറിഷ് കൗൺസിൽ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. നോർത്തേൺ അയർലണ്ട് മുഖ്യമന്ത്രി അർലീൻ ഫോസ്റ്റർ, ഉപമുഖ്യമന്ത്രി മാർട്ടിൻ മക്ഗിന്നസ്, സ്‌കോട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് മൻഡൽ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്.
കെന്നിയും, ഐറിഷ് സർക്കാരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിലനിൽക്കണം എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടിഷ് അധീനതയിലുള്ള നോർത്തേൺ അയർലണ്ടിന് ലഭിക്കുന്ന സഹായം, അയർലണ്ടിന് ബ്രിട്ടനുമായുള്ള വ്യാപാര ബന്ധങ്ങൾ, നിയന്ത്രണമില്ലാത്ത കുടിയേറ്റം എന്നിവയെല്ലാമാണ് അതിന് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top