ജോര്‍ജ് തുമ്പയിലിനു നാമം മഞ്ച് പുരസ്‌കാരം സമ്മാനിച്ചു

th-1എഡിസണ്‍, ന്യൂജേഴ്‌സി: പത്രപ്രവര്‍ത്തന രംഗത്തും, ദൃശ്യമാധ്യമ രംഗത്തും സവ്യസാചിയായി മുന്നേറുമ്പോള്‍ തന്നെ വ്യത്യസ്ത മേഖലകളില്‍ പാദമുദ്രകള്‍ പതിപ്പിച്ച കര്‍മ്മകാണ്ഡങ്ങള്‍ക്കുടമയായ ജോര്‍ജ് തുമ്പയിലിനെ നാമത്തിന്റേയും, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടേയും (മഞ്ച്) ഓണാഘോഷത്തില്‍ ആദരിച്ചത് വ്യത്യസ്താനുഭവമായി.

കാല്‍ നൂറ്റാണ്ടിലേറെയായി സാഹിത്യമാധ്യമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോര്‍ജ് തുമ്പയിലിനെ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അവാര്‍ഡ് ശില്‍പം നല്‍കിക്കൊണ്ട് നാമം സ്ഥാപകന്‍ മാധവന്‍ ബി. നായരും, മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസും പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായ തുമ്പയില്‍ യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ തുടിപ്പുകള്‍ എഴുത്തിലും, ടി.വി പരിപാടികളിലും ചിത്രീകരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നു. എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ചുരുക്കം പേരിലൊരാളാണ് ജോര്‍ജ് തുമ്പയില്‍ മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് ഗ്രന്ഥങ്ങളുടെ രചയിതാവും വിവിധ സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകനുമായ ജോര്‍ജ് തുമ്പയില്‍ `കൊച്ചാപ്പി’ എന്ന പേരില്‍ മലയാളം പത്രത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന ആക്ഷേപ ഹാസ്യ പരമ്പര ഹരമായി മാറിയതും ചടങ്ങില്‍ പരാമര്‍ശിക്കപ്പെട്ടു. സജിമോന്‍ ആന്റണി തുമ്പയിലിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

അവാര്‍ഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ സ്വന്തം നാട്ടില്‍ തന്നെ ആദരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. നന്ദി, സ്‌നേഹം, കടപ്പാട് എന്നീ വാക്കുകള്‍ക്ക് സമാനമായ പത്തുനൂറ് വാക്കുകളും പ്രയോഗങ്ങളും നമുക്ക് കാണാന്‍ കഴിയും. നാമവും മഞ്ചും ചേര്‍ന്ന് നല്‍കുന്ന ഈ സ്‌നേഹപൂര്‍ണമായ അംഗീകാരത്തിനു ഈ മൂന്നു വാക്കുകളാണ് പകരമായി എനിക്ക് നല്‍കുവാനുള്ളത്. എന്നെക്കാള്‍ സീനിയേഴ്‌സും, ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരുമായവര്‍ ഉണ്ടെന്നിരിക്കെ എന്നെ ഇങ്ങനെയൊരു ഉന്നത സ്ഥാനത്തിരുത്തുവാന്‍ നിങ്ങള്‍ കാണിച്ച ഹൃദയവായ്പിനു വളരെയധികം നന്ദിയും സ്‌നേഹവും കടപ്പാടുമുണ്ട്. അംഗീകാരത്തേക്കാള്‍ അതിനായി നിങ്ങള്‍ കാണിച്ച സന്മനസിനാണ് എന്റെ പ്രണാമം.

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന ഒരു നാട്ടില്‍, പേന ഉന്തുന്നവരെല്ലാം പത്രപ്രവര്‍ത്തകരാകുന്ന സംസ്‌കാരത്തില്‍, സോഷ്യല്‍ മീഡിയയുടെ അതിപ്രസരം അധികപ്രസംഗമായി മുഴച്ചുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ എ.ബി.സി.ഡി പഠിപ്പിക്കുകയും, പത്രപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത പാതകള്‍ കാണിച്ചുതരികയും ചെയ്ത ഗുരുഭൂതര്‍ക്ക് ഞാനീ അംഗീകരം സമര്‍പ്പിക്കുന്നു.

യാതൊരു പ്രതിഫലവും സ്വീകരിക്കാതെ ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ ഈ കുലീനമായ തൊഴില്‍ ചെയ്യുവാന്‍ തുടങ്ങിയിട്ട് 23 വര്‍ഷം കഴിഞ്ഞു. രണ്ടാമത്തെ തൊഴിലായി ജേര്‍ണലിസത്തെ ചിലര്‍ എടുത്തുകാട്ടുമ്പോള്‍ അതു വൈദ്യശാസ്ത്രമാണെന്നും രാഷ്ട്രീയമാണെന്നും പറയുന്നവരുമുണ്ട്. ഒന്നാമത്തെ തൊഴില്‍ കുലീനമല്ലാത്തൊരു മേഖലയായതിനാല്‍ പ്രൗഡഗംഭീരമായ ഈ സദസില്‍ അതു പറയുന്നില്ല.

`നാമ’ത്തിനുവേണ്ടി ഒരു വാര്‍ത്തപോലും താന്‍ എഴുതിയിട്ടില്ലെന്നതാണ് വസ്തുത. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ മഞ്ച് രൂപീകരിച്ച ശേഷം അത്യാവശ്യ ചില വാര്‍ത്തകള്‍ എഴുതിയിട്ടുണ്ടെന്നു മാത്രം. എന്നിട്ടും അംഗീകാരം നല്‍കുന്നത് മാധ്യമ രംഗത്തെപ്പറ്റിയുള്ള നിങ്ങളുടെ നല്ല കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു.

ഓണാഘോഷത്തെപ്പറ്റി ഒരു വാക്കുകൂടി. ഓണം എന്നു പറഞ്ഞാല്‍ ഒരുമ, സമത്വം എന്നാര്‍ത്ഥം. നാമവും മഞ്ചും ഒരുമിച്ച് ഓണാഘോഷം സംഘടിപ്പിച്ചപ്പോള്‍ തന്നെ ആ ഒരുമയുടെ പ്രതിഫലനമായി.

ഓണത്തെപ്പറ്റി താന്‍ ഒട്ടേറെ എഴുതിയിട്ടുണ്ട്. പലതും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. വ്യത്യസ്തമായ ഒരോര്‍മ്മ മനസ്സില്‍ വരുന്നു. മുത്തച്ഛന്‍ കുടുംബം അടക്കിവാഴുന്ന കാലം. ഞാനുള്‍പ്പടെ കുറെ കൊച്ചുമക്കള്‍. വന്നോണം, ഇരുന്നോണം, ഓണസദ്യ കഴിച്ചോണം, പായസം കുടിച്ചോണം, വല്ലോം മിണ്ടീം പറഞ്ഞും പൊക്കോണം…എന്നതായിരുന്നു പ്രമാണം. എല്ലാറ്റിലും ഓണമുണ്ട്.

നാമം രക്ഷാധികാരി മാധവന്‍ നായര്‍, പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി, സെക്രട്ടറി അജിത് മേനോന്‍, മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ്, സെക്രട്ടറി ഉമ്മന്‍ ചാക്കോ, വൈസ് പ്രസിഡന്റ് സജിന്‍ ആന്റോ, ഓണാഘോഷ കണ്‍വീനര്‍ സജിത് പ്രഭാകര്‍, സജിമോന്‍ ആന്റണി, മറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കും, സദസ്യര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അടുത്തവര്‍ഷവും ഇതേസമയം വന്നോണം!

ജോര്‍ജ് തുമ്പയിലിനെപ്പോലെയുള്ള ബഹുമുഖ പ്രതിഭയെ ആദരിക്കുകവഴി നാമവും മഞ്ചും കൂടി ആദരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി. അര്‍ഹിക്കുന്നവരെ ആദരിക്കുമ്പോള്‍ കൊടുക്കുന്നവരും വാങ്ങുന്നവരും ആദരിക്കപ്പെടും. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്ലാക്ക് സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമാണത്.

മാധ്യമങ്ങള്‍ ആളുകളെപ്പറ്റി നല്ലതുമാത്രം എഴുതുമ്പോള്‍ ആരും അവരെ ശ്രദ്ധിക്കില്ല. വിമര്‍ശനാത്മകമായി എഴുതുമ്പോള്‍ പത്രപ്രവര്‍ത്തനം ഒരു ആയുധമായി മാറുന്നു. കൊച്ചാപ്പി എന്ന പരമ്പരയും ഒരു പിച്ചാത്തി പോലെ തറച്ചുകയുന്നതായിരുന്നു.

ഈ സീസണിലെ ഏറ്റവും പങ്കാളിത്തമുള്ള ഓണം കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ആണ് സംഘടിപ്പിച്ചതെങ്കില്‍ ഏറ്റവും രുചികരമായ ഓണസദ്യയൊരുക്കിയതിനുള്ള ബഹുമതി നാമത്തിനും മഞ്ചിനുമാണ്. ഇരു സംഘടനകളുടേയും ഐക്യവും എല്ലാവര്‍ക്കും മാതൃക പകരുന്നു.

നേരത്തെ ഓണസന്ദേശം നല്‍കിയ ഫൊക്കാനാ ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ നാട്ടിലേയും ഇവിടുത്തേയും ഓണം താരതമ്യപ്പെടുത്തി. നാട്ടില്‍ ഇപ്പോള്‍ പുലികളിയും, അത്തപ്പൂക്കളവുമെല്ലാം അന്യം നിന്നു. പഴയ ഐക്യത്തിനു പകരം ഭിന്നതകള്‍ വര്‍ധിക്കുന്നു. പക്ഷെ ജാതിമത ഭിന്നതകളൊന്നുമില്ലാതെ യഥാര്‍ത്ഥ കേരളീയരായി നാം ഒത്തുകൂടുന്നുവെന്നതില്‍ അഭിമാനം കൊള്ളുന്നു.

ഈശ്വരകൃപകൊണ്ട് നമുക്ക് ഈ രാജ്യത്ത് സമൃദ്ധിയില്‍ ജീവിക്കാന്‍ കഴിയുന്നു. അതേസമയം, ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ നമ്മുടെ നാട്ടില്‍ കഴിയുന്നവരെ സഹായിക്കാനും നമുക്ക് കടമയുണ്ട്.

അടുത്തവര്‍ഷം ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനിലേക്കും അദ്ദേഹം എല്ലാവരേയും ക്ഷണിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലാണ് രജിസ്‌ട്രേഷന്‍. 850 ഡോളര്‍ മാത്രം.

നാമം സ്ഥാപകന്‍ മാധവന്‍ ബി. നായരുടെ പ്രസംഗത്തില്‍ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയും അത് എത്രയും വേഗം ചെയ്യേണ്ടതിന്റെ പ്രധാന്യത്തേയും രാമായണ കഥ ഉദ്ധരിച്ച് സമര്‍ത്ഥിച്ചു.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിന്റെ പ്രസംഗത്തില്‍ ഈ സീസണിലെ നാലാമത്തെ ഓണമാണ് ഇതെന്ന് പറഞ്ഞു. ആഘോഷം അത്യന്തം മനോഹരമായി. ഇത്രയും സുഭഗസുന്ദരനായ മാവേലിയേയും ഇതിനു മുമ്പ് കണ്ടിട്ടില്ല.

പുലികളിയും ചെണ്ടമേളവും താലപ്പൊലിയുമായി മാവേലി മന്നനെ എതിരേറ്റതോടെ ഓണാഘോഷത്തിനു തുടക്കമായി. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സജിത് കുമാര്‍ ആമുഖ പ്രസംഗം നടത്തി. പ്രശസ്ത മാധ്യമ പ്രവര്‍ത്തക വിനീത നായരായിരുന്നു എം.സി. നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി സ്വാഗതം പറഞ്ഞു. സുജ ജോസ്, ആശ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാലിനി നായരുടെ നേതൃത്വത്തിലുള്ള തിരുവാതിരകളി ഹൃദയഹാരിയായി. എട്ടുവീട്ടില്‍ പയ്യന്‍സ് അവതരിപ്പിച്ച തിരുവാതിര കളിയും ഈ രംഗത്ത് സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ശോഭിക്കാവുന്നതാണെന്നു തെളിയിച്ചു. തികച്ചും വ്യത്യസ്താനുഭവവുമായി അത്. പ്രേം നാരായണന്‍, സഞ്ജീവ് കുമാര്‍, സജി ആനന്ദ്, കാര്‍ത്തിക ശ്രീധര്‍, മനോജ് കൈപ്പള്ളി , അജിത് കണ്ണന്‍, സുനില്‍ രവീന്ദ്രന്‍ എന്നിവരായിരുന്നു എട്ടുവീടന്മാര്‍.

പായസ മത്സരം ഇത്തവണ മധുരമുള്ള മത്സരമായി. പായസ മത്സരത്തില്‍സുധാ നരായണന്‍, സ്മിതാ പ്രശാന്ത്, മിലി രാധന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. വടംവലി തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറി.

ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പിള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ജോയി ഇട്ടന്‍, ജോ. സെക്രട്ടറി ജോസഫ് കുര്യപ്പുറം, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, വനിതാ വിഭാഗം നേതാവ് ലീല മാരേട്ട്, ഫോമാ പി.ആര്‍.ഒ ജോസ് ഏബ്രഹാം, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍, ഫ്രാന്‍സീസ് തടത്തില്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനയുടെ മുതിര്‍ന്ന നേതാവ് ടി.എസ് ചാക്കോ, ജോസ് തോമസ്, നടി സജിനി സക്കറിയ, കാന്‍ജ് പ്രസിഡന്റ് ജയപ്രകാശ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

Top