നഴ്‌സിങ് ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞു നിര്‍ത്താന്‍ ചര്‍ച്ചയുമായി സര്‍ക്കാര്‍; പ്രതിസന്ധിപരിഹരിക്കാന്‍ ശ്രമങ്ങള്‍ ശക്തം

ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ച മിന്നല്‍പണിമുടക്ക് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരു ദിവസത്തേയ്ക്കു മാറ്റി വച്ചു. വരും ദിവസങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനു നടപടിയെടുക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി ആരംഭിക്കേണ്ടിയിരുന്ന സമരം ഒരു ദിവസത്തേയ്ക്കു മാറ്റി വച്ചത്. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടാകും എന്നു ഇരുകൂട്ടരും പ്രതീക്ഷിക്കുന്നതോടെ തുടര്‍ സമരം ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് രോഗികള്‍ അടക്കമുള്ളവര്‍.
എമര്‍ജന്‍സി മുറികളുടെ കണ്ടീഷന്‍ സംബന്ധിച്ചു ശക്തമായ നടപടികള്‍ സ്വീകരിക്കാമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ കഴിഞ്ഞ ദിവസം സമരം മാറ്റിവയ്ക്കാന്‍ നഴസ്ുമാര്‍ തയ്യാറായത്. നഴ്‌സുമാരുടെ പരാതികള്‍ സംബന്ധിച്ചു നിരവധി പ്രശ്‌നങ്ങള്‍ തങ്ങളുടെ മുന്നിലുണ്ടെന്നും അടുത്ത ദിവസം ചേരുന്ന വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മിറ്റി ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത അന്തിമ തീരുമാനത്തില്‍ എത്തിച്ചേരുമെന്നും വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കീറേണ്‍ മൂള്‍വി അറിയിച്ചു.
നഴ്‌സിങ് യൂണിയനുകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയ എച്ച്എസ്ഇയിലെ റോസറി മാനിയോണ്‍ ജീവനക്കാരുടെയും രോഗികളുടെയും പ്രശ്‌നത്തില്‍ പോസിറ്റീവായ തീരുമാനമുണ്ടാകുമെന്നും തര്‍ക്കങ്ങളും സമരങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നുമുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അയര്‍ലന്‍ഡ് നഴ്‌സിങ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവായ ലിയാം ഡോറന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴുള്ള ചര്‍ച്ചകള്‍ പെരുവഴിയില്‍ നില്‍ക്കുകയാണ് എന്നാണ് വ്യക്തമാക്കിയത്. മാനേജ്‌മെന്റുകള്‍ തങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ തയ്യാറാകുമെന്നു വ്യക്തമാക്കണം ഇല്ലെങ്കില്‍ തങ്ങള്‍ സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടാണ് ഇദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
അമിതമായ തിരക്കുമൂലം രാജ്യത്തെ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ മോശമായ അവസ്ഥ പരിഹരിക്കണമെന്നും, ഇതിനായി നഴ്‌സിങ് യൂണിയനുകള്‍ ആവശ്യപ്പെ്ട്ട നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കണമെന്നുമാണ് യൂണിയനുകള്‍ ചര്‍ച്ചയില്‍ പ്രധാനമായി ഉന്നയികിക്കുന്നത്.

Top