വാടവവീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ; നിലവാരം പരിശോധിക്കുന്നതിനു പ്രത്യേക സമിതി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ വാടക വീടുകളെപ്പറ്റി പരാതികൾ വ്യാപകമായ സാഹചര്യത്തിൽ ഇതു പരിശോധിക്കുന്നതായി പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. വാടക വീടുകളുടെ ഗുണനിലവാരം പരിശോധിക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനും നിർദേശം ഉയർന്നിട്ടുണ്ട്. എൻസിടി മാതൃകയിൽ സർക്കാർ സംവിധാനം ഏർപ്പെടുത്തുന്നതിനാണ് ആദ്യ ഘട്ടത്തിൽ സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും ഈ വർഷം തന്നെ സംവിധാനം നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. സംവിധാനത്തിന്റെ ഭാഗമായി വീടുകൾക്ക് സർട്ടിഫിക്കേഷൻ നൽകുന്ന രീതിയും നടപ്പിൽ വരുത്തും.
രാജ്യത്ത് ഇപ്പോൾ ലഭിക്കുന്ന വാടക വീടുകളിൽ പലതിനും ഭീമമായ വാടക നൽകുമ്പോഴും, ഗുണനിലവാരം തീരെയില്ല എന്ന് ഈയിടെ ആരോപണങ്ങൾ ഉയർന്നിരുന്നു. വാടകക്കാരിൽ പലരും ഇക്കാര്യം പുറത്തു പറയാൻ മടിക്കുകയാണെന്ന് ഹൗസിങ് ചാരിറ്റി സംഘടനയായ ത്രെഷോൾഡും പറയുന്നു. ഈ സാഹചര്യത്തിലാണ് വീടുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനം നടപ്പിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നത്. വാടക വീടെടുത്ത പലരും അതിന്റെ അറ്റകുറ്റ പണികൾക്കായി വലിയ തുക ചെലവാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കൊടിയ തണുപ്പ്, ആവശ്യത്തിന് കാറ്റു കടക്കാത്ത അവസ്ഥ, ഉഷ്ണം, സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ എന്നിവയാണ് വാടക വീടുകളിൽ താമസിക്കുന്നവർ പൊതുവിൽ അവുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. ചിലയിടങ്ങൽ ശരിയായ രീതിയിൽ വയറിങ് പോലും നടത്തിയിട്ടില്ല. വീട് ഒഴിയേണ്ടി വരുമെന്നോ, വാടക കൂടുതൽ നൽകേണ്ടി വരുമെന്നോ പേടിച്ച് പലരും ഇക്കാര്യങ്ങൾ പുറത്തു പറയാതിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top