പി.ടി ചാക്കോയെ ചതിച്ചത് ശുഭ്രവസ്ത്ര ധാരികളായ കാട്ടാളൻമാർ; ചാക്കോയെ ചാരി മാണിയെ തലോടി കോൺഗ്രസിനെ തല്ലി പ്രതിച്ഛായ

സ്വന്തം ലേഖകൻ

കോട്ടയം: അൻപതു വർഷം മുൻപ് പി.ടി ചാക്കോയെ ചതിച്ച് മരണത്തിലേയ്ക്കു തള്ളിവിട്ട ശുഭ്രവസ്ത്രധാരിയായ കാട്ടാളൻമാരുടെ പിൻമുറക്കാരാണ് മാണിയെ ചതിച്ചതെന്നു കേരള കോൺഗ്രസ് മുഖപത്രം പ്രതിഛായ. ആഗസ്റ്റ് മൂന്നാം തീയതി പുറത്തിറങ്ങിയ പ്രതിച്ഛായയിലാണ് കോൺഗ്രസ് – കേരള കോൺഗ്രസ് ബന്ധം കൂടുതൽ വഷളാക്കുന്ന ലേഖനമുള്ളത്. ബി.ബി ദേവാനന്ദിന്റെ പേരിൽ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ച ലേഖകനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവാദ വെളിപ്പെടുത്തലുകളുള്ള ലേഖനം ഉള്ളത്.
കേരള കോൺഗ്രസിന്റെ അൻപതു വർഷം പൂർത്തിയാകുന്ന കാലഘട്ടത്തിലുണ്ടായ ചതിയുടെ രാഷ്ട്രീയം കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ നിന്നുള്ളതാണന്നു എണ്ണിയെണ്ണിയാണ് ഈ ലേഖനം പറയുന്നത്. കെപിസിസി അംഗത്തെ ചതിയ്ക്കായി പി.ടി ചാക്കോയുടെ കാറിൽ കയറ്റി വിട്ടവർ, കെ.എം മാണിക്കെതിരെ ബാർ ഉടമയെ ഉപയോഗിച്ചു ചതിയുടെ തിരക്കഥ രചിക്കുകയായിരുന്നെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് നേതാക്കളുടെ തിരക്കഥ തിരിച്ചറിയാനാവാതെ പോയ പി.ടി ചാക്കോയെ പോലെ തന്നെ, കെ.എം മാണിയും കോൺഗ്രസിന്റെ ഗൂഡാലോചനയിൽ കുടുങ്ങുകയായിരുന്നു എന്നാണ് പ്രതിച്ഛായയിലെ ലേഖനം സ്ഥാപിക്കുന്നത്.
പി.ടി ചാക്കോയെക്കുറിച്ച് മാധ്യമപ്രവർത്തകൻ എബ്രഹാം മാത്യു എഴുതിയ ‘പി.ടി ചാക്കോ, ചതിയും മൃതിയും’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ചേർത്തിരിക്കുന്ന ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളോടെയാണ് ലേഖനത്തിന്റെ തുടക്കം. വസ്തുതകൾ വസത്ുതകളായി നിലനിൽക്കും. അത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളഉടെ ചിലവിൽ മാറുകയില്ല. എന്ന ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളെ കടമെടുത്തതിലൂടെ പ്രതിച്ഛായ ലക്ഷ്യമിട്ടിരിക്കുന്നത് കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള പ്രശ്‌നം തന്നെയാണെന്നാണ് സൂചന.
പി.ടി ചാക്കോയെയും കെ.എം മാണിയെയും തമ്മിൽ സാദൃശ്യപ്പെടുത്തുന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു – കാലം ഏറെ കൊഴിഞ്ഞു വീണു. കൃത്യം അൻപതു വർഷങ്ങൾക്കു ശേഷം പി.ടി ചാക്കോ വധത്തിനു ചുക്കാൻ പിടിച്ച പ്രതിഭാധനൻമാരുടെ പിൻതലമുറക്കാർ രൂപത്തിലും ഭരണനൈപുണ്യത്തിലും അക്ഷരാർത്ഥത്തിൽ പി.ടി ചാക്കോയുടെ പിൻതലമുറക്കാരനായ കെ.എം മാണിയെ കൊല്ലാക്കൊല ചെയ്യാൻ ശ്രമം നടത്തി എന്നു മനസിലാക്കുമ്പോൾ, അവരുടെ വൈരബുദ്ധി എത്ര രൂക്ഷമായിരുന്നു എന്നു മനസിലാക്കാം- ലേഖനത്തിലെ ആദ്യ ഭാഗം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. കോൺഗ്രസും – കേരള കോൺഗ്രസും തമ്മിൽ ബാർ കോഴ ഗൂഡാലോചയെച്ചൊല്ലി ഉടലെടുത്ത തർക്കത്തിൽ എണ്ണയൊഴിക്കുന്നതാണ് പ്രതിച്ഛായ പ്രസിദ്ധീകരിച്ച ലേഖനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top